2016 മാർച്ച് 13, ഞായറാഴ്‌ച

നിഴലുകൾ

ശാപം പിടിച്ച ഭൂതകാലത്തിലെ, ഗർഭഛിദ്രം ചെയ്യപ്പെട്ട ആഗ്രഹങ്ങളുടെ പ്രേതം പോലെ നിഴലുകൾ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. മുന്നിലും, പിന്നിലും, നീണ്ടും കുറുകിയും എന്റെ വേഗത്തിനൊപ്പം തന്നെ നടക്കുന്നു. മോക്ഷം കിട്ടാത്ത  ആത്മാക്കളെ പോലെ ഇവ എന്തിനാണ് എന്റെ പിന്നാലെ ഇങ്ങനെ അലയുന്നത്? എന്തിനാണ് എന്നെ അനുകരിക്കുന്നത്? എന്റെ വ്യക്തി ജീവിതത്തിലെ ഈ ഇടപെടലുകൾ വല്ലാത്ത വീർപ്പുമുട്ടൽ തന്നെ ആണ്. എനിക്ക്, ഞാൻ ആയി സ്വന്തമായി ഇരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. എല്ലായിടത്തും നിഴലുകളുടെ നുഴഞ്ഞു കയറ്റം. ക്ഷണിക്കപ്പെടാതെ വന്ന, ശല്യക്കാരനായ ഒരു അതിഥിയെപ്പോലെ എന്റെ സ്വകാര്യതകളിൽ പോലും എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.

നിഴലുകളെ തോല്പ്പിക്കാൻ വേണ്ടി ഞാൻ അദൃശ്യനാവാൻ തീരുമാനിച്ചു. ഉച്ചത്തിലുള്ള ചിന്തകളും, ആഴത്തിലുള്ള നോട്ടവും നിശ്ചലമായ ശരീരവും ഉള്ളവന. നിഴലുകളുടെ അല്ലലില്ലാതെ , സ്വസ്ഥം.

നിഴലുകൾ






2016 മാർച്ച് 2, ബുധനാഴ്‌ച

തോൽവി

അവന്റെ വേഷം വളരെ മുഷിഞ്ഞതായിരുന്നു, പതിഞ്ഞ നടത്തവും. ദാരിദ്ര്യത്തിന്റെ തിരമാലകൾ അവന്റെ തീരത്ത് യാതൊരു പഞ്ഞവുമില്ലതെ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. നിര്ഭാഗ്യങ്ങളുടെ കാർമേഘങ്ങൾ കനല്മഴ പെയ്യിച്ചു. ഒറ്റപ്പെടലിന്റെ വെള്ളപ്പൊക്കം.

ഗഹനമായ ചിന്തകളുടെ അതിശക്തമായ അടിയൊഴുക്ക് പലപ്പോഴും അവന്റെ നില തെറ്റിച്ചു. കാലം തെറ്റി പെയ്ത ഒരു മഴ പോലെ, അവന്റെ മനസ്സിലേക്ക് കുത്തിയൊലിച്ചു വന്ന ഏതോ ചിന്തകൾ അവനിൽ പ്രകടമായ മാറ്റങ്ങൾ വരുത്തി.

സ്വയം നിര്മ്മിച്ച ഒരു തടവരയ്ക്കുള്ളിൽ അവൻ, അവനെ തന്നെ അടിമയാക്കി വെച്ചു. ജയിക്കാൻ പറ്റാതെ വരുമ്പോൾ അവൻ സ്വയം പീഡിപ്പിച്ചു. അതിൽ സന്തോഷം കണ്ടെത്തി. മെല്ലെ അത് വല്ലാത്ത ഒരു ഹരമായി മാറി. ഇരയും വേട്ടക്കാരനും ഒരാള് തന്നെ ആകുമ്പോൾ വേട്ട ഒരു തരം ലഹരി ആയി മാറും എന്നാണ് അവന്റെ ഭാഷ്യം.

ജയവും തോൽവിയും എന്നത് വെറും ആപേക്ഷികം ആണെന്നറിയാമായിട്ടും പലപ്പോഴും അവന്റെ മനസ്സ് ഒന്ന് ജയിക്കാൻ വേണ്ടി വെമ്പി. പക്ഷെ ദുഷിച്ച യാഥാര്ത്യങ്ങൾ എന്നിട്ടുമവനെ തോല്പിച്ചുകൊണ്ടേയിരുന്നു. തോൽവികൾ ഒരു പാഴ്ജീവിതത്തിന്റെ അനിവാര്യത ആയി മാറിയപ്പോൾ അവൻ ഇപ്പോൾ അതിലാണ് സന്തോഷം കണ്ടെത്തുന്നത്..


2016 ഫെബ്രുവരി 20, ശനിയാഴ്‌ച

തെറ്റ്

ഒറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോള മനസ്സ് വല്ലാതെ കാട് കയറും. പിന്നെ ചിന്തകളുടെ കടിഞ്ഞാൺ തലച്ചോറിൽ നിന്നും ഹൃദയം ഏറ്റെ ടുക്കും. യുക്തിക്ക് പകരം വികാരങ്ങളാണ് മുന്നോട്ടു തേർ തെളിക്കുന്നത്.
അവിടെ ശെരിയ്ക്കും തെറ്റിനും ഒന്നും യാതൊരു പ്രാധാന്യവും ഇല്ല. മാന്യതയുടെ മുഖം മൂടിപിച്ചിച്ചീന്തി ഉള്ളിലെ ബലഹീനതകൾ ദുർഗന്ധം വമിക്കുന്ന വൃത്തികേടുകളായി കുതിയൊലിച്ചൊഴുകും.

നന്മയും തിന്മയും തമ്മിൽ വേഴ്ച. കടം കൊണ്ട ഗർഭപാത്രത്തിൽ തിന്മയുടെ ബീജം വളർന്നു. ഭ്രൂനഹത്യയ്ക്ക് മുന്നില് ആഗ്രഹങ്ങളുടെ കന്മതില്ക്കെട്ട് തടസ്സങ്ങളുടെ ചെങ്കൊടി പിടിച്ചു നിന്നു .

ഒടുവിൽ കറുത്ത പാപങ്ങൾ ചാപിള്ളകളായി  പിറന്നു  വീണു. ഓര്മകളുടെ മുഖമുള്ളവ പുച്ഛം നിറഞ്ഞ കണ്ണുകൾ തുറന്നു തന്നെ വെച്ചു .

ജനിപ്പിച്ചവന്റെ നിസ്സഹായത. പൊറുക്കുക, എന്റെ പ്രിയ കൂട്ടുകാരി.