2010 ജൂലൈ 27, ചൊവ്വാഴ്ച

യാത്ര

മൌനം പടരുന്നു വേദന
ഉള്ളില്‍ വ്രണമായി നീറും വിഷാദം
അലയുന്നു ഞാനീ മരുഭൂവിലേകനായ്
തേടുന്നു മൂകമായ് സ്വത്വം

വിജനമാം വഴിവക്കിലെവിടെയോ
കളവു പോയ്‌ ചിന്തകള്‍ കടം കൊണ്ട വാക്കുകള്‍
കണ്ണില്‍ അന്ധകാരത്തിന്റ്റെ ലാസ്യ നൃത്തം

എന്തിനെവിടെയെന്നറിയാത്ത യാത്ര
ഇടറുന്നു കാലുകള്‍ മങ്ങുന്നു കാഴ്ചകള്‍
ചിതറി വീഴുന്ന ഓര്‍മതന്‍ നൊമ്പരങ്ങള്‍

രാഗം മരിക്കുന്നു സ്നേഹവും
നെഞ്ചില്‍ കനലായി വേവുന്നു ഉമിത്തീയിലെരിയുന്നു
ചത്ത ജീവനായ് പണിയുന്നു ശവകുടീരം

പകയുടെ വിഷം തീണ്ടുമീ
കപടലോകത്തിലെ ക്ഷുദ്ര ജന്തുക്കളേ
ശാപവാക്കരുളുന്ന നാട്ടു കൂട്ടങ്ങളേ
വെറുക്കുന്നു ഞാന്‍ എന്‍റെ
അര്‍ഥശൂന്യമാം നഗ്നമാം മാംസപിന്ടത്തിനെ
പറക്കുന്നു ഞാനിന്നു കയറു പൊട്ടിച്ചു കലിയടക്കുന്നു


അഴുക്കിന്‍റെ കണ്ണീരോഴുക്കുക നിങ്ങളീ
ബലികുടീരത്തിലെന്‍് മോക്ഷത്തിനായ്‌

2010 ജൂലൈ 9, വെള്ളിയാഴ്‌ച

മുഖം


ആകാശത്ത് പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മഴ മേഘങ്ങളുടെ കറുപ്പ്, മനസ്സ് കലങ്ങി മറിഞ്ഞിരിക്കുകയാണ്. ബന്ധങ്ങളുടെ സൂത്രവാക്യങ്ങള്‍ മാറി തുടങ്ങിയത് ഞാന്‍ അറിയാന്‍ വൈകിപ്പോയോ? ചില ബന്ധങ്ങള്‍ നിര്‍വചിക്കാന്‍ പോലും പറ്റുന്നില്ല.

എന്റെ മൌനത്തിന്റെ വാചാലത പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് പോലുമുള്ള തിരിച്ചറിവ് നഷ്ടപ്പെട്ടുവോ? കാഴ്ച മങ്ങി തുടങ്ങി, അല്ല കണ്ണടച്ച് കണ്ടില്ലെന്നു നടിച്ചു തുടങ്ങി. സാഹചര്യങ്ങള്‍ എന്നെക്കൊണ്ട് ഒരുപാട് വേഷങ്ങള്‍ കെട്ടിച്ചു. പല പല നാടകങ്ങള്‍, പല പല വേഷങ്ങള്‍. എല്ലാം ഒരു ആഘോഷമായിരുന്നു.

ഒടുവില്‍ ഇന്ന് അണിയറയില്‍ അടുത്ത വേഷതിനുള്ള ചമയതിലാണ് ഞാന്‍. ചിതറിക്കിടക്കുന്ന മുഖം മൂടികളുടെ ഇടയില്‍ നിന്ന് ഏതാണ് ഞാന്‍ ഇനി എടുത്തു അണിയേണ്ടത്? ഞാന്‍ കണ്ണാടിയില്‍ കണ്ട എന്റെ ശരീരത്തിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. മുഖം മൂടി ഇപ്പോള്‍ ഒരു അനിവാര്യതയാണ്.

അരങ്ങത്ത് ഫസ്റ്റ് ബെല്‍ അടിച്ചു, അടുത്ത നാടകത്തിനു തിരശീല ഉയര്‍ന്നു.

മഴ കനത്തു പെയ്തു തുടങ്ങി. ആളൊഴിഞ്ഞ സദസ്സിനു മുന്‍പില്‍ ഞാന്‍ പകച്ചു നിന്നു. കയ്യിലിരുന്ന മുഖം മൂടി എന്നെ നോക്കി പരിഹസിച്ചു തുടങ്ങി. എവിടെയാണ് എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടത്?

ചില ചോദ്യങ്ങള്‍ക്ക് വെറും ചോദ്യങ്ങളായി തന്നെ ജീവിച്ചു മരിക്കാനാണ് വിധി.